“കർക്കടകം.”


ഇന്ന് ‘കർക്കടക മാസം ഒന്നാം തീയതി.
സൂര്യൻ മിഥുനം രാശിയിൽ നിന്നും കർക്കടകം രാശിയിൽ പ്രവേശിച്ചു.

തലേദിവസം തന്നെ വീടും പരിസരവും വൃത്തിയാക്കി
ജേഷ്ഠാഭഗവതിയെ കളഞ്ഞ് ശീപോതിയെ
(ശ്രീപാർവതിയെ) നിലവറയിലോ പൂജാ മുറിയിലോ ആചാര പൂർവ്വം കുടിയിരുത്തുന്നു. പണ്ടൊക്കെ ഈ ചടങ്ങുകൾ വിപുലമായി ആചരിച്ചിരുന്നു.

കൊല്ലവർഷക്കണക്കനുസരിച്ച് പന്ത്രണ്ടാമത്തെ മാസമാണ് ‘കർക്കിടകം’.

സൂര്യൻ,കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന മാസമാണ് കർക്കടകം.

രാവിലെ കുളിച്ച്, ശുദ്ധമായി,നെറ്റിയിൽ മൂക്കൂറ്റി പൊട്ടും,തലയിൽ ദശപുഷ്പവും ചൂടി
കേരളീയ സ്ത്രീകൾ,
അടുത്തുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നു.

“കൃഷ്ണക്രാന്തി,കറുക,മുയൽച്ചെവിയൻ,തിരുതാളി,ചെറൂള്ള,നെൽപ്പന,
കയ്യുണ്യം,പൂവ്വാംകുരുന്നില,
മുക്കൂറ്റി,ഉഴിഞ്ഞ” എന്നിവയാണല്ലോ,”ദശപുഷ്പങ്ങൾ”.

രാമായണം വായിക്കാനും, പഠിക്കാനും, രാമയണത്തെക്കുറിച്ച് അറിയാനും
‘രാമയണമാസ”മായി ഈമാസത്തെ പ്രയോജനപ്പെടുത്തുന്നു.

കാർഷിക വിളയെ ആശ്രയിച്ചിരുന്ന മലയാളികളെ കർക്കട മാസത്തിലെ ശക്തമായ മഴയും,
പ്രതികൂല കാലാവസ്ഥയും, സാരമായി ബാധിക്കാറുണ്ട്.
അതിനാൽ ‘പഞ്ഞമാസം’ എന്നും കർക്കടകത്തെക്കുറിച്ച് പറയാറുണ്ട്.

അപ്രതീക്ഷിതമായി പെയ്യുന്ന മഴ പല
ദൈനംദിന പ്രവർത്തനങ്ങളെ പ്രതികൂലാമായി ബാധിക്കുന്നതിനാൽ
‘കള്ളകർക്കടകം’ എന്ന വിളിപ്പേരും ഈ മാസത്തിനുണ്ട്.

ദേഹരക്ഷക്കും,
രോഗപ്രതിരോധ ശക്തി വർധിപ്പിക്കാനും “ഔഷധകഞ്ഞി” യും കർക്കടക മാസത്തിൽ ആചാരപ്രകാരം ഉണ്ടാക്കി കഴിക്കുന്നു.

‘ഞവര അരിയാണ് ഔഷധകഞ്ഞിയിലെ പ്രധാന ചേരുവ.
കുറുന്തോട്ടി വേര്,കരിങ്കുറിഞ്ഞി,
ജീരകം, ഉലുവ,
അയമോദകം,പുത്തരിച്ചുണ്ടന്റെ വേര്,ചുക്ക്, മുതലായ ചേരുവകളും കൂടാതെ ദശപുഷ്പങ്ങളും ഇതിൽ അരച്ചു ചേർക്കുന്നു

പഴയ തറവാടുകളിൽ, പണ്ടുകാലത്ത് പത്തിലകൾ കൊണ്ട് “പത്തിലത്തോരൽ” ഉണ്ടാക്കി കഴിക്കുന്നതും ഒരു ശീലമായിരുന്നു.

‘താളിന്റെ ഇല, ചേനയുടെ ഇല,തഴുതാമയില,
വട്ടതവരയില,പയറിന്റെ ഇല,നേയ്യുണ്ണി,മത്തയില,
കുമ്പളത്തിന്റെ ഇല,
ആനക്കൊടിത്തുവയില,
മുള്ളൻചീര ഇതൊക്കെയാണ് പത്തിലകൾ.
പല ദേശങ്ങളിലും ഇതിന്റെ പേരുകൾക്ക് ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം.

എന്തൊക്കെ വിശ്വാസങ്ങൾ ഉണ്ടെങ്കിലും,സുഖചികത്സകൾക്കും,ആരോഗ്യ സംരക്ഷണത്തിനുമായി കർക്കടക മാസത്തെ പഴമക്കാർ പ്രയോജനപ്പെടുത്തിയിരുന്നു.

എല്ലാ സജ്ജനങ്ങൾക്കും രോഗവിമുക്തവും, ആരോഗ്യപൂർണ്ണവുമായ ഒരു മാസം ആശംസിക്കുന്നു.

ശങ്കരനാരായണൻ.