“വയറോണിപ്പുലയൻ.”(ഓർമ്മക്കുറിപ്പ്)


കൊച്ചമ്പ്രാ……

വല്യമ്പ്രാട്ടിയോട് പറയ്യ്യോ വയറോണിപ്പുലേൻ വന്നെന്ന്.

കളിച്ചു കൊണ്ടിരുന്ന ഞങ്ങൾ,കുട്ടികൾ, തിരിഞ്ഞു നോക്കി.

ഒരു കൈകൊണ്ട് വായ മുടി, മറ്റെ കൈ വയറ്റിൽ ചേർത്തുപിടിച്ച് മെലിഞ്ഞുണങ്ങിയ കറുത്തിരുണ്ട വയറോണി.

കറപിടിച്ച പല്ലുകളും, മുറുക്കി ചുവപ്പിച്ച നാക്കും

അയാൾ ഞങ്ങളെ നോക്കി ചിരിച്ചു.

ചേച്ചി അകത്തേക്ക് ഓടി അമ്മയെ വിവരം ധരിപ്പിച്ചു.

ആയിക്കോട്ടെ!!

അമ്മ പറഞ്ഞു.

തെങ്ങു കയറാനുള്ള അമ്മയുടെ അനുമതിയായിരുന്നു അത്.

തോളിൽ താങ്ങിയിരുന്ന മുളയേണി അടുത്ത തെങ്ങിൽ ചാരി വച്ചു അയാൾ.
ഏണിയുടെ അറ്റത്ത് ഉണങ്ങിയ “കോഞ്ഞാട്ട”കോണ്ടുണ്ടാക്കിയ കമരപോലൊരു സാധനം കെട്ടി വച്ചിരിക്കുന്നു.
ഏണി തെങ്ങിൽ നിന്നും തെന്നിമാറാതിരിക്കാനുള്ള സൂത്രപ്പണി.

അയാൾ ഏണിയുടെ മുളക്കമ്പിൽ ചവിട്ടി മുകളിലേക്ക് കയറി.

ഏണി, തെങ്ങിന്റെ പകുതി ഉയരത്തിൽ അവസാനിക്കുന്നു.
തോളിൽ തൂക്കിയിട്ടിരുന്ന ഓലമടലിന്റെ പാളികൊണ്ടു് പിരിച്ചുണ്ടാക്കിയ ” ത്ലാപ്പ്” കാലിൽ ഉടക്കി വച്ചു.
പിന്നെ തവള ചാടുന്നപോലെ മുകളിലേക്ക് ഒരഭ്യാസിയെപ്പോലെ ചാടി, ചാടി മുകളിൽ എത്തി.

എന്തോരു മെയ് വഴക്കം!!
ഞങ്ങൾ അത്ഭുതത്തോടെ നോക്കി നിന്നുപോയി.

തേങ്ങയും, ഉണക്ക ഓലമടലുകളും, പൊതുമ്പും മറ്റും വെട്ടി ചാടിച്ച് പെട്ടെന്നുതന്നെ വയറോണി തിരിച്ചിറങ്ങി.

പത്തോ, പതിനഞ്ചോ തെങ്ങുകളിൽ കയറി, ഇറങ്ങി അന്നത്തെ അദ്ധ്വാനം അവസാനിപ്പിച്ചു.

സംഭാരം വേണോ വയറോണി;
അമ്മ ചോദിച്ചു.

അമ്മ നീട്ടിയ
മോരും- വെള്ളം ഒറ്റവലിക്ക് ഉത്സാഹത്തോടെ
വലിച്ചു കുടിച്ച് ഭവ്യതയോടെ വയറോണി ഒതുങ്ങി നിന്നു.

പിന്നീടുള്ള പണികൾ പെട്ടെന്നു, തീർന്നു.

വാരിക്കൂട്ടിയ നാളികേരം എണ്ണി തിട്ടപ്പെടുത്തി.
ഒന്നു രണ്ടു തേങ്ങ വാക്കത്തിയുടെ തുമ്പു കൊണ്ട് കുത്തി നോക്കി, പിന്നെ കുലുക്കി നോക്കി, കൊണ്ടു പോകാനായിയി മാറ്റിവച്ചു.

അമ്മ നൽകിയ പൈസ എണ്ണി നോക്കാതെ,തുറന്ന ചിരിയുമായി വയറോണി ഏണിയും താങ്ങി നടന്നകന്നു.

ജീവിതസുഖസൌകര്യങ്ങളെക്കുറിച്ച്
വ്യാകുലതയില്ലാത്ത മനുഷ്യൻ.

ഉടുക്കാൻ കട്ടിയുള്ളചുട്ടിത്തോർത്തും, വിയർപ്പുതുടക്കാൻ
ഈരെഴത്തോർത്തും.

പഴംകഞ്ഞിയും മുളകുചുട്ടതും കഴിക്കാൻ കിട്ടിയാൽ സന്തോഷമായി.

നിലംപറ്റാറായ ഓലക്കുടിലിൽ മാനസിക രോഗിയായ മകനുമൊത്ത് അന്തിയുറക്കം.

ഇതൊക്കെയാണ് വയറോണി.

അടുത്ത ലീവിനു വന്നപ്പോൾ അമ്മ ചോദിച്ചു.
നീ അറിഞ്ഞോ?

“നമ്മുടെ വയറോണിപ്പുലയൻ മരിച്ചു പോയി,”

അമ്മ നെടുവീർപ്പിട്ടു.

തേങ്ങ വെട്ടുമ്പോൾ കൈയ്യിൽ വെട്ടുകൊണ്ടത്രെ!!
കുറച്ചു നാൾ സുഖമില്ലാതെ കിടന്നു. പിന്നെ മരിച്ചു പോയി.

മാനസിക രോഗിയായ വയറോണിയുടെ മകൻ???
ഞാൻ ചോദിച്ചു.

“അയാൾ മരിച്ചിട്ടു കുറേ നാളായല്ലോ”!!!
അമ്മ പറഞ്ഞു.
മരണ കാരണം അമ്മക്കും അറിയില്ലായിരുന്നു.

“പാവമായിരുന്നു”,
“ഇപ്പോൾ തെങ്ങുകയറാൻ ആളെ കിട്ടുന്നില്ല, മോനെ!
തേങ്ങ ഉണങ്ങി വീഴുമ്പോൾ കിട്ടിയാലായി”
അമ്മ സങ്കടപ്പെട്ടു.

‘കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയാറില്ലല്ലോ’.

ഇങ്ങനെയും കുറേ മനുഷ്യർ ആരോടും പരിഭവമില്ലാതെ, ആഗ്രഹങ്ങൾ ഇല്ലാതെ,
നമ്മേുടെ ഇടയിൽ ജീവിച്ചിരുന്നല്ലോ എന്നോർക്കുമ്പോൾ
ഇന്നത്ഭുതം തോന്നുന്നു.