രാമായണം.(രാമസ്യ അയനം)


രാമന്റെ യാത്ര രാമായണം ഇതാണല്ലോ രാമായണത്തിന്റെ അർത്ഥം

സർവ്വേശ്വരനായ ‘മഹാവിഷ്ണു’വിന്റെ മൂലമന്ത്രത്തിലെ ‘രാ’ യും,
മഹേശ്വരനായ ‘പരമശിവന്റെ’ മൂലമന്ത്രത്തിലെ “മ’ യും ചേർന്നാണ് “രാമ” എന്ന പദം ഉണ്ടായതത്രെ!!
അതിനാൽ ‘രാമ’ എന്ന പേര് ജഗദീശ്വന്റെ നാമമായി കരുതുന്നു.

ദേവർഷി നാരദ മുനി, വാല്മീകി മഹർഷിയുടെ ആശ്രമം സന്ദർശിച്ച വേളയിൽ മഹർഷി ചോദിച്ചു.
“ധൈര്യം, വീര്യം, പ്രയത്നം, സൗന്ദര്യം, പ്രൗഢി,
സത്യസന്ധത,ക്ഷമ,നല്ല ശീലങ്ങൾ,അജയ്യത,” എന്നിവയെല്ലാം ഒത്തിണങ്ങിയ പുരുഷൻ ജഗത്തിൽ ഉണ്ടോ!!

നാരദ മഹർഷി പറഞ്ഞു.

എല്ലാ ഗുണങ്ങളും ഒരുവനിൽ ഒന്നിക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണ്.

ഈ ഗുണങ്ങളെല്ലാം ഏറെക്കുറെ ഒത്തിണങ്ങിയ ഒരു പുരുഷൻ ത്രേതായുഗത്തിൽ കോസലരാജ്യത്തെ രാജാവായിരുന്ന ദശരഥന്റെ പുത്രനായ ‘ശ്രീരാമൻ’ മാത്രമാണ്.

മറ്റൊരവസരത്തിൽ വാൽമീകി മഹർഷി വനത്തിലൂടെ സഞ്ചരിക്കുമ്പോൾ, മരക്കൊമ്പിൽ ഇരിക്കുന്ന ഇണപക്ഷികളിലോന്നിനെ എയ്തു വീഴ്ത്തിയ കാട്ടാളനെ നോക്കി
ശപിച്ചു.

“മാ നിഷാദപ്രതിഷ്ഠാം
ത്വമഗമഃശാശ്വതീ സമാഃയൽ
ക്രൗഞ്ചമിഥുനാദേകമവധീഃ
കാമമോഹിതം”

വാത്മികി രചിച്ച ഈ കാവ്യത്തെ ആദ്യകാവ്യമായി കരുതുന്നു.

അവിടെ പ്രത്യക്ഷപ്പെട്ട
ബ്രഹ്മാവ് ഇതേ ഈണത്തിൽ ശീരാമന്റെ ചരിത്രം രചിക്കാൻ അവശ്യപ്പെട്ടു.
അതിനായി ശ്രീരാമന്റെ കഥ പൂർണ്ണമായി വാല്മീകിയെ പറഞ്ഞു കേൾപ്പിച്ചു.
തുടർന്ന് വാൽമീകി രാമായണം രചിച്ചു എന്നാണ് വിശ്വാസം.

ആദ്ധ്യാത്മ രാമായണത്തിൽ
ഏഴു കാണ്ഡങ്ങളിലായി,
അഞ്ഞൂറ് അദ്ധ്യായങ്ങളിലായി ഇരുപത്തിനായിരം ശ്ലോകങ്ങൾ ഉൾപ്പടുത്തിയിരിക്കുന്നു.

“ബാലാകാണ്ഡം,
അയോദ്ധ്യാകാണ്ഡം,
ആരണ്യകാണ്ഡം,
കിഷ്കിന്ധാകാണ്ഡം,
സുന്ദരകാണ്ഡം,
യുദ്ധകാണ്ഡം,
ഉത്തരകാണ്ഡം എന്നിവയാണ്
രാമായണത്തിലെ ഏഴുകാണ്ഡങ്ങൾ.

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്ന “തുഞ്ചത്ത് എഴുത്തച്ഛനാ”ണ് നമ്മൾ മലയാളികൾക്ക് പരിചിതമായ “ആദ്ധ്യാത്മരാമായണം കിളിപ്പാട്ട്”എന്ന കൃതിയുടെ ഉപജ്ഞാതാവ്.

വാൽമീകി രാമായണം അടിസ്ഥാനമാക്കിയാണ് അദ്ദേഹം
ആദ്ധ്യാത്മരാമായണം കിളിപ്പാട്ട്”എന്ന കൃതി രചിച്ചത്.
തികച്ചും പദാനുപദ വിവർത്തനമല്ല.

മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമാണല്ലോ
“ശ്രീ രാമൻ”.

പുരുഷോത്തമൻ, മര്യാദരാമൻ, കോസലേന്ദ്രൻ,
ദശരഥപുത്രൻ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പേരിനാൽ അദ്ദേഹം അറിയപ്പെടുന്നു.

ത്രേതായുഗത്തിൽ ജീവിച്ചിരുന്ന ആദ്ദേഹം സ്വധർമ്മം വെടിഞ്ഞ് ഒരു കാര്യവും ചെയ്തിരുന്നില്ല.

തികഞ്ഞ
പിതൃഭക്തനായിരുന്നു ആദ്ദേഹം.
പിതാവിന്റെ പ്രതിജ്ഞ നിലനിർത്താനായി സ്വർഗ്ഗതുല്യമായ രാജപദവി ഉപേക്ഷിച്ച് കാനനവാസത്തിനായി പുറപ്പെട്ടു.

ഒരു സ്ത്രീയുടെ,
അത് അമ്മയുടെ സ്ഥാനത്ത് ഉള്ളവളാണങ്കിലും, സ്വാർത്ഥതക്കുവേണ്ടി ചെയ്തകാര്യങ്ങൾ എങ്ങിനെ സാധൂകരിക്കും.

സംശയം തോന്നാം!!

ശ്രീരാമന് പുത്രധർമ്മമായിരുന്നു അപ്പോൾ അഭികാമ്യം. അദ്ദേഹത്തിന്റെ പട്ടാഭിഷേകത്തിനു മുമ്പായിരുന്നു അദ്ദേഹത്തിന് പിതാവ് കാനനവാസം വിധിച്ചത്. അപ്പോൾ അദ്ദേഹം ഒരു പുത്രൻ മാത്രമായിരുന്നു.
അദ്ദേഹം അനുഷ്ഠിച്ച് “പുത്രധർമ്മം” മാത്രം.

രാവണസഹോദരി ശൂർപ്പണകയുടെ മൂക്ക് ഛേദിച്ചത് ധർമ്മ വിരുദ്ധമാകില്ലെ?

ശൂർപ്പണകയുടെ ആവർത്തിച്ചുള്ള വിവാഹ അഭ്യർത്ഥനയും,
ഭീഷണിയും ശ്രീരാമൻ നിരസിച്ചു .
ശ്രീരാമന്റെ നീരസത്തിനു കാരണം സീതാദേവി ജീവിച്ചിരിക്കുന്നതാണെന്ന് കരുതി ശൂർപ്പണക സീതയെ കൊല്ലാൻ ശ്രമിച്ചു

“ഭർത്തൃധർമ്മ”മാണല്ലോ ധർമ്മപത്നിയെ രക്ഷിക്കുകയെന്നത്.
അതു മാത്രമാണല്ലോ ശ്രീരാമൻ ഇവിടെ ചെയ്തതും.

പൂർണ്ണ ഗർഭിണിയായ ഭാര്യയെ വനത്തിൽ ഉപേക്ഷിച്ചതോ!!! (വനത്തിലല്ല, മഹർഷിയുടെ ആശ്രമത്തിൽ)
സീതയെ ഉപേക്ഷിക്കാൻ,
പ്രജാസഭയുടെ അഭിപ്രായം മാനിച്ച്, തീരുമാനിക്കുമ്പോൾ അദ്ദേഹം ഭർത്താവ് എന്നതിലുപരി രാജാവായിരുന്നു.
പ്രജാതാല്പര്യം മാനിക്കേണ്ടത് രാജാവെന്ന നിലയിൽ പ്രഥമകർത്തവ്യം തന്നെ.

എത്ര ദുഃഖത്തോടെയായിരിക്കും ശ്രീരാമൻ ആ കർമ്മം ചെയ്തിരിക്കുക.

ഇങ്ങിനെ പല സംശയങ്ങളും രാമായണം വായിക്കുമ്പോൾ പലരുടേയും മനസ്സിലുണ്ടാകാം.
അതിനുള്ള ഏക പ്രധിവിധി പുരാണങ്ങളേയും,
ഇതിഹാസങ്ങളേയും ശരിയായി വിലയിരുത്താൻ ശ്രമിക്കുക എന്നതു മാത്രമാണ്.

പല മാധ്യമങ്ങളിലും TV സീരിയലുകളിലും, പുരാണ കഥാപാത്രങ്ങളെ കോമാളിവേഷം കെട്ടിച്ച്,മായാജാലക്കാരനായി അവതരിപ്പിക്കുന്നത് കാണാറുണ്ട്.
വരുംതലമുറ ഇതോക്കെയാണോ,
ശ്രീരാമൻ,ഹനുമാൻ എന്ന് സംശയിക്കും.
ഇതിനേയാണ് നിരുത്സാഹപ്പെടുത്തേണ്ടത്.
പുതിയ തലമുറയെ, പുരാണ കഥാപാത്രങ്ങളെക്കുറിച്ച്,അവരുടെ മഹത്വത്തെ കുറിച്ച്, ശരിയായി ധരിപ്പിക്കാൻ നമ്മൾ ശ്രമിക്കണം.

ഈ രാമായണമാസത്തിൽ
അതിനുവേണ്ടിയുള്ളതു കൂടിയാകട്ടെ നമ്മുടെ ശ്രമം.

ശങ്കരനാരായണൻ.