ഇന്ന് അദ്ധ്യാപക ദിനം.


നമ്മളെ, ഇന്നത്തെ നമ്മളാക്കിമാറ്റിയ എല്ലാ അദ്ധ്യാപകരേയും ആദരപൂർവ്വ൦ സ്മരിക്കുന്നു.

എന്റെ മനസ്സിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന ഒരദ്ധ്യാപകൻ.🙏🙏🙏
എന്റെ പ്രിയപ്പെട്ട “ഗുരുനാഥൻ”
“ശ്രീ.രാമൻ മാഷ് “

“ഗുരു ബ്രഹ്മാ
ഗുരു വിഷ്ണു,
ഗുരുർദ്ദേവോ മഹേശ്വരാ,
ഗുരുഃസാക്ഷാൽ പരഃബ്രഹ്മ,
തസ്മൈ ശ്രീ ഗുരവേനമഃ” 🙏🙏

ഈ ശ്ലോകം എവിടെ കേട്ടാലും എന്റെ മനസ്സിൽ ഓടിയെത്തുന്ന ഒരുരൂപമുണ്ട് ,
ശ്രീ.രാമൻ മാസ്റ്റർ🙏🙏.

വെളുത്ത മുണ്ടും ,തൂവെള്ള ഷർട്ടും, മുട്ടിനുമുകളിൽ ഷർട്ടിന്റെ കൈ മടക്കി വച്ച്,ഒരു പ്രത്യേക സുഗന്ധവുമായി,തെല്ലു ഗൗരവത്തോടെ ക്ളാസ്സിൽ കയറിവരുന്ന ആ രൂപം.

അക്കാലത്ത് ഞങ്ങളുടെ സ്കൂളിൽ അഞ്ചാം ക്ലാസ് മുതൽ ഇംഗ്ലീഷ്, ഹിന്ദി കൂടാതെ, മൂന്നാമത്തെ ഭാഷയായി മലയാളമോ,
സംസ്കൃതമോ പഠിക്കുന്നതിന് സൗകര്യം ഉണ്ടായിരുന്നു.

അഞ്ചാം ക്ലാസ്സ് തുടങ്ങി പത്താം ക്ലാസ് വരെ സംസ്കൃതം പഠിപ്പിച്ചിരുന്നത് ഞങ്ങളുടെ പ്രിയപ്പെട്ട ‘രാമൻ മാസ്റ്റർ’ ആയിരുന്നു.

“ഒരത്ഭുത പ്രതിഭ”.

പേരിന്റെ ഒപ്പം ചേർക്കാൻ സർവ്വകലാശാലാ ബിരുദങ്ങൾ ഏറെ ഇല്ലായിരുന്നെങ്കിലും, സംസ്കൃതഭാഷയിലും,
പുരാണങ്ങളിലും ഉള്ള അദ്ദേഹത്തിന്റെ അറിവ് അപാരമായിരുന്നു.

അന്നൊക്കെ,’സിലബസ്സ്’ മാറിയ വിഷയത്തിന്റെ പുസ്തകം അദ്ധ്യയനവർഷം തുടങ്ങി കുറേക്കഴിഞ്ഞേ ലഭിച്ചിരുന്നുള്ളു.
‘സിലബസ്’ വിവരങ്ങൾ അദ്ദേഹത്തിന് എങ്ങിനേയോ ലഭിച്ചിരുന്നു.
“കുമാരസംഭവ”ത്തിലേയും “മേഘസന്ദേശ”ത്തിലേയും വരികൾ അദ്ദേഹം പുസ്തകമൊന്നും നോക്കാതെ”ബ്ളാക്ക് ബോർഡിൽ” എഴുതുന്നത് ഞങ്ങൾ അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ട്.
സംസ്കൃതഭാഷയിൽ
അത്രയും അറിവായിരുന്നു
അദ്ദേഹത്തിന്.

അദ്ധ്യാപനത്തിന് പുറമെ “ജ്യോതിഷ”ത്തിലും അദ്ദേഹത്തിന് അപാര കഴിവായിരുന്നു.

‘പല പ്രഗൽഭന്മാരുടെയും ഭാവി ഗണിച്ചു പറഞ്ഞത് ശരിയായിട്ടുണ്ടെന്നും പറഞ്ഞു കേട്ടിട്ടുണ്ട്’.’

തന്റെ ശിഷ്യരിൽ പലരുടേയും, പ്രത്യേകമായുള്ള കഴിവുകൾ അദ്ദേഹം ശ്രദ്ധിച്ചു വച്ചിരുന്നു.
അവസരം വരുമ്പോൾ അതിനെ പ്രോൽസാഹിപ്പിക്കാനും,യപ്രയോജനപ്പെടുത്താനും അദ്ദേഹം ശ്രമിച്ചിരുന്നുതായി ഞാനിന്നും ഓർക്കുന്നു.

സ്കൂളിനകത്തും പുറത്തും ഏറെ തിരക്കുള്ള ആളായിരുന്നിട്ടും അദ്ധ്യാപനത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല .

കുട്ടികളുടെ വ്യക്തിത്വ വികാസം അദ്ദേഹത്തിന് നിർബന്ധമായിരുന്നു.

ഒരു ചെറിയ സംഭവം ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു.

അന്ന് സംസ്കൃതം ക്ളാസ് അവസാന ‘പീരീടി’ലായിരുന്നു.
ബെല്ലടിച്ചിട്ടും അദ്ദേഹം ക്ളാസ് തുടർന്നു,അതായിരുന്നു അദ്ദേഹത്തിൻറെ രീതിയും.
‘ക്ളാസ്സെ’ടുക്കുന്ന
ഒഴുക്കിൽ ‘ബെല്ല’ടിക്കുന്നത് അദ്ദേഹം ശ്രദ്ധിക്കാറില്ലായിരുന്നു.

അടുത്ത ക്ളാസ്സിൽ നിന്നും മലയാളം ക്ളാസ്സ് കഴിഞ്ഞു കുട്ടികൾ വരുന്നുണ്ടായിരുന്നു.

അതിലൊരു കുട്ടി ഞങ്ങളുടെ ക്ളാസ്സിനടുത്തെത്തിയപ്പോൾ ജനാലയിൽകൂടി കൈയ്യിട്ട് ഞങ്ങളുടെ ‘ക്ളാസി’ലെ കുട്ടികളുമായി തമ്മിതല്ലാൻ ശ്രമിച്ചു.

തികച്ചും ബാലിശമായ ഒരു പ്രവർത്തി,നിർദ്ദോഷകരവും.

പക്ഷെ, ഇത് സാറിനെ ഏറെ ചോടിപ്പിച്ചു.

ആ കുട്ടിയെ ‘ക്ളാസി’ലേക്ക് വിളിച്ചിച്ചു, കഠിനശിക്ഷയും കൊടുത്തു. (ചൂരൽകഷായം).

വലിയ കുഴപ്പക്കാരനോ,ഉഴപ്പനോ ആയിരുന്നില്ല ആ പാവം കുട്ടി.

ആ ശിക്ഷ കുറെ കൂടി പോയില്ലേ…..
എന്നു ഞങ്ങൾക്ക് അന്ന് തോന്നിയിരുന്നു .

പക്ഷെ അദ്ദേഹത്തിനത് ക്ഷമിക്കാവുന്ന തെറ്റായിരുന്നില്ല.

അന്നൊക്കെ വിദ്യാർത്ഥികൾക്കോ,
മാതാപിതാക്കൾക്കോ,
ഗുരുവിന്റെ ശിക്ഷയിൽ പരാതിയും ഇല്ലായിരുന്നു.

അതായിരുന്നു അക്കാലം(ഇന്നോ?).

പക്ഷെ,
ഇന്നാണ് ആ കുട്ടിയുടെ പ്രവർത്തിയിലെ ദോഷവശം മനഃസ്സിലാകുന്നത്.

വ്യക്തിത്വവികസനം അദ്ദേഹത്തിന് മുഖ്യ ‘അജണ്ട’ ആയിരുന്നു.

ഇരുണ്ട നിറത്തിൽ, ഉയരം കുറഞ്ഞ്, തേജസ്സുള്ള ,ആ മാതൃകാ അദ്ധാപകനെ,
യശഃശ്ശരീരനായ ഞങ്ങളുടെ
“രാമൻ മാസ്റ്ററെ”, ഈ സുദിനത്തിൽ ഞാൻ മനസ്സാ നമിക്കുന്നു. 🙏🙏🙏🙏

ഞങ്ങളെ, ഇന്നത്തെ ഞങ്ങളാക്കിയ അദ്ധ്യാപകരെ, സ്നേഹപൂർവ്വം ഒരിക്കൽ കൂടി ഓർമ്മിക്കാം.
🙏🙏🙏🙏🙏🙏🙏

ശങ്കരനാരായണൻ.