സാക്ക്റേസ്(ചെറുകഥ)


(ചെറുകഥ)
‘സാക്ക് റേസ്’

ഇന്ന് ഉണർന്നപ്പോൾ മുതൽ ശ്രീധരന് പതിവിലും ഉന്മേഷം തോന്നി.

ഇന്നാണല്ലോ ഓഫീസിൽ ഓണാഘോഷം.
ഓ…. അതായിരിക്കും കാരണം.

നന്നായി ഒരുങ്ങി സമയത്തിനു മുമ്പേ സ്ഥലത്തെത്തി.

കലാപരിപാടികളും,
കായിക മത്സരങ്ങളും അരങ്ങേറുന്നു.

റിട്ടയർ ആയെങ്കിലും ഓഫീസിൽ സംഘടിപ്പിച്ച ഓണാഘോഷപരിപാടികളിലേക്ക് തന്നേയും, കുടുംബത്തേയും ക്ഷണിച്ചിരുന്നല്ലോ.

വൺ,ടൂ,ത്രീ……..,.
പിന്നെയൊന്നും നോക്കിയില്ല.
നേരത്തേതന്നെ ചാക്കിൽ കയറിക്കൂടിയ ശ്രീധരൻ
ചാക്ക് അരക്കൊപ്പം പിടിച്ച് മുന്നോട്ട് കുതിച്ചു.
മൂന്ന്,നാല് മീറ്റർ വരെ ശ്രീധരനായിരുന്നു മുന്നിൽ.
പിന്നെ ആരൊക്കെയോ മുന്നേറി പോകുന്നതുകണ്ടപ്പോൾ വാശിയായി, കുറച്ചുനാളായി തോന്നാറുള്ള അപകർഷത പതുക്കെ തലപൊക്കി.

വയസ്സ് അറുപത് കഴിഞ്ഞു എന്നുള്ളതെല്ലാം തല്ക്കാലം വിസ്മരിച്ചു.

പിന്നെ കുടുതൽ വേഗത്തിൽ മുന്നോട്ടു കുതിച്ചു.

പക്ഷേ…

എപ്പോഴാണ്, എങ്ങിനെയാണ് വീണതെന്ന് ഒരോർമ്മയും ഇല്ല.

ചുണ്ടിൽ അസഹ്യമായ വേദന.

ചോര വരുന്നുണ്ടോ എന്നു സംശയം.

വായ പൊത്തിപ്പിടിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും,ശക്തിയെല്ലാം ചോർന്നു പോയ പോലെ.

ആരൊക്കെയോ ഓടിവരുന്നുണ്ട്.

അയ്യോ.. ചോര…
ആരൊ പറയുന്നു.

വായിൽനിന്ന് കയ്യെടുത്ത
പ്പോഴാണ് ശ്രീധരൻ ശരിക്കും പേടിച്ചത്.
കൈനിറയെ കട്ടച്ചോര….

ആദ്യം എത്തിയ സുഹൃത്തിന്റെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു.

ആശുപത്രിയിൽ എത്തുന്നതിന് മുൻപേ ശ്രീധരന്റെ ചിന്തകൾ കാടുകയറി.

അടുത്ത ആഴ്ച്ച ഹിമാലയൻ യാത്രക്ക് ബുക്ക് ചെയ്തത് മുടങ്ങുമോ ആവോ!!

“നിങ്ങൾക്ക് എന്തിന്റെ സുക്കേടായിരുന്നു മനുഷ്യാ”
ശ്രീമതിയുടെ ശബ്ദം ചെവിയിൽ മുഴങ്ങുന്നുണ്ടോ!!

വിസിലടി കേട്ട് മുന്നോട്ടു് ചാടിയപ്പോൾ പ്രായം അറുപത് കഴിഞ്ഞു എന്നകാര്യം വിസ്മരിച്ചു,
അതാ പറ്റിയത്..,..

കൂട്ടുകാരന്റെ ചോദ്യത്തിന് മറുപടിയായി അത്രമാത്രം പറഞ്ഞു.

ഡോക്ടർ വന്ന് മുറിവ് പരിശോധിച്ചു കൊണ്ട് ചോദിച്ചു.

ഇതെങ്ങിനെ സംഭവിച്ചു.

“ഒന്നു വീണു”….

ഭാഗ്യം അദ്ദേഹം കൂടുതലൊന്നും ചോദിച്ചില്ല.

മൂന്നു തുന്നിക്കെട്ടുമായി വീട്ടിലേക്ക് തിരിക്കുമ്പോൾ ഭാര്യ പിറുപിറുത്തു.

“അടുത്ത ആഴ്ച്ചയിലെ യാത്ര എന്താകുമോ ആവോ”!!!

യാത്ര മുടങ്ങരുതേ എന്ന പ്രാർത്ഥനയോടെ ശ്രീധരനും മൗനം പാലിച്ചു.

ശങ്കരനാരായണൻ.